Kerala
ആറ്റിങ്ങൽ: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയിൽ അപ്രതീക്ഷിത സ്ഥാനാർഥി പ്രഖ്യാപനം. പുതുയുഗ യാത്രയ്ക്ക് ആറ്റിങ്ങലിൽ നൽകിയ സ്വീകരണത്തിലാണ് വി.ഡി. സതീശൻ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.
ആർഎസ്പി നേതാവ് സന്തോഷ് ഭദ്രൻ ആണ് ആറ്റിങ്ങൽ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി. പ്രതിപക്ഷ നേതാവ് പുതുയുഗ യാത്രയുടെ വേദിയിൽ പ്രസംഗിക്കുന്നതിനിടെയാണ് സന്തോഷ് ഭദ്രന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്.
മുന്നണി ധാരണ പ്രകാരം നിയമസഭ തെരഞ്ഞെടുപ്പിൽ ആർഎസ്പിയുടേതാണ് ആറ്റിങ്ങൽ സീറ്റ്. ഇവിടെ നമുക്കൊരു യുഡിഎഫ് എംഎൽഎയുണ്ടാകണമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് സന്തോഷ് ഭദ്രനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ആറ്റിങ്ങൽ ആരുടെയും കോട്ടയല്ലെന്ന് പറഞ്ഞ വി.ഡി.സതീശൻ ജനപിന്തുണയോടെ യുഡിഎഫ് നടത്തുന്ന തേരോട്ടത്തിൽ ആ കോട്ട ഇടിഞ്ഞുവീഴുമെന്നും അഭിപ്രായപ്പെട്ടു.
ഇവിടെ നമുക്കൊരു യുഡിഎഫ് എംഎൽഎയുണ്ടാകണം. ആറ്റിങ്ങൽ ഗവ. കോളജ് യൂണിയൻ ചെയർമാനായിരുന്ന സന്തോഷ് തന്നെ അസൂയപ്പെടുത്തിയ മികച്ച പ്രാസംഗികനാണെന്നും സതീശൻ പറഞ്ഞു.
നിലവിൽ സിപിഎമ്മിന്റെ ഒ.എസ്. അംബികയാണ് ആറ്റിങ്ങൽ എംഎൽഎ. 2001ൽ വക്കം പുരുഷോത്തമൻ ആയിരുന്നു നിയമസഭയിലേക്കെത്തിയ അവസാനത്തെ യുഡിഎഫ് അംഗം. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 36,398 വോട്ടുകളോടെ മൂന്നാം സ്ഥാനത്തായിരുന്നു ആർഎസ്പി സ്ഥാനാർഥി എ. ശ്രീധരൻ.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ കടന്നുവന്ന സന്തോഷ് ഭദ്രൻ ആറ്റിങ്ങൽ ഗവ. കോളജ് യൂണിയൻ ചെയർമാൻ, യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ എന്നീ പദവികളിലും പ്രവർത്തിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിൽ മോഷ്ടിച്ച സ്കൂട്ടറിൽ കറങ്ങിനടന്ന പ്രതിയെ പിടികൂടി. തച്ചൂർക്കുന്ന് സ്വദേശി മാർക്സിൻ (40) ആണ് പിടിയിലായത്. ഇയാൾ നേരത്തെയും ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
തനിക്കെതിരെ പരാതി നൽകിയതിന് യുവാവിന്റെ തല മരക്കഷണം ഉപയോഗിച്ച് അടിച്ച് പൊട്ടിച്ച കേസിൽ പ്രതിയാണ് മാർക്സിൻ. കഴിഞ്ഞ ദിവസം ഇയാൾ സ്കൂട്ടറിൽ കറങ്ങിനടക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപെട്ടിരുന്നു.
തുടർന്ന് മാർക്സിനെ പോലീസ് പിന്തുടർന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെ പ്രതി വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെയാണ് സ്കൂട്ടർ നഷ്ടപ്പെട്ടതായി ചിറയിൻകീഴ് സ്വദേശി ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
അന്വേഷണത്തിൽ മാർക്സിൻ ഉപയോഗിച്ചിരുന്ന ഇരുചക്രവാഹനം പരാതിക്കാരനായ രവീന്ദ്രൻ നായരുടേതാണെന്ന് വ്യക്തമായി. പ്രതിക്കെതിരെ മോഷണക്കേസും പോലീസ് രജിസ്റ്റർ ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: സ്കൂൾ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് പത്താം ക്ലാസ് വിദ്യാർഥിനിക്ക് പരിക്ക്. ആറ്റിങ്ങൽ ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലുണ്ടായ സംഭവത്തിൽ പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. എങ്ങനെയാണ് വിദ്യാർഥി രണ്ടാം നിലയിൽ നിന്ന് വീണതെന്ന് വ്യക്തമല്ല. വിദ്യാർഥിയുടെ തുടയെല്ലിനും കൈക്കും പരിക്കുണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിനിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. സംഭവത്തില് ആറ്റിങ്ങല് പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് വയോധികയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. വെള്ളുമണ്ണടി പ്ലാവോട് സ്വദേശി അഖിൻ (20) ആണ് കേസിൽ പിടിയിലായത്. ബുധനാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം നടന്നത്.
വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡിൽ വലിയകട്ടക്കാലിന് സമീപത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് നാട്ടുകാർ വയോധികയെ കണ്ടെത്തിയത്. പ്രതി 85കാരിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ക്രൂരമായി മർദിച്ച് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു.
നാട്ടുകാർ വയോധികയെ ആറ്റിങ്ങൽ വലിയകുന്ന് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വയോധികയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തിരുവനന്തപുരം: മരണാനന്തര ചടങ്ങിനിടെ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ കിണറ്റിൽ വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപത്തെ വീട്ടിലെ കിണറ്റിലകപ്പെട്ട യുവാക്കളെ ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി.
മരണാനന്തര ചടങ്ങിനെത്തിയ അഞ്ച് പേരടങ്ങുന്ന സംഘം മദ്യപിച്ച ശേഷം അടുത്ത പുരയിടത്തിലെ കിണറ്റിൻകരയിലിരുന്ന് സംസാരിക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ സംഘർഷമുണ്ടാവുകയും മൂന്ന് പേർ കിണറ്റിലേക്ക് വീഴുകയായിരുന്നു.
അനൂപ്, സനു, ശ്യാം എന്നിവരാണ് കിണറ്റിലകപ്പെട്ടത്. ഏകദേശം 50 അടി താഴ്ചയും ആറടിയോളം വെള്ളവുമുള്ള കിണറ്റിലേക്കാണ് ഇവർ വീണത്. തുടർന്ന് നാട്ടുകാർ ഒരാളെ കരയിലെത്തിച്ചെങ്കിലും രണ്ട് പേർക്ക് കയറാനായില്ല.
ഇതോടെയാണ് ആറ്റിങ്ങൽ യൂണിറ്റിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി റോപ്പും നെറ്റും ഉപയോഗിച്ച് കിണറ്റിൽ കുടുങ്ങിയവരെ കരയിലെത്തിച്ചത്.
Kerala
തിരുവനന്തപുരം: കലോത്സവത്തിനിടെ വിദ്യാർഥികൾ തമ്മിലടിച്ചുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ആറ്റിങ്ങൽ റവന്യൂ ജില്ലാ കലോത്സവത്തിനിടെ പരിചമുട്ട് മത്സര ഫലം വന്നതിനു പിന്നാലെ ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടുകയായിരുന്നു.
ആറ്റിങ്ങൽ സിഎസ്ഐ സ്കൂളിലെ വേദിയിൽ നന്ദിയോട് എസ്കെവിഎച്ച്എസ്എസിലെ വിദ്യാർഥികളെ മറ്റൊരു സ്കൂളിലെ പരിശീലകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. കസേര കൊണ്ട് തലയ്ക്കടിയേറ്റ ദേവദത്തൻ എന്ന വിദ്യാർഥി ആശുപത്രിയിൽ ചികിത്സയിലാണ്.
കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ ആറ്റിങ്ങൽ പോലീസ് കേസെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
Kerala
തിരുവനന്തപുരം: ആറ്റിങ്ങലിലെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കോഴിക്കോട് വടകര സ്വദേശി അസ്മിന (37) യുടെ മരണമാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
ലോഡ്ജിലെ ക്ലീനിംഗ് സ്റ്റാഫായ പുതുപ്പള്ളി സ്വദേശി ബിബിന് ജോര്ജാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പ്രാഥമിക നിഗമനം.
ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാലിന് യുവാവ് ലോഡ്ജിന് പുറത്തേക്ക് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.